തൃശൂര്‍: വളങ്ങളും കീടനാശിനികളും വില്പന നടത്തുന്ന പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു മരുന്നുകള്‍ വില്ക്കാൻ നിയന്ത്രിത ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം പൊതുജന ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു മരുന്നുവ്യാപാരികളുടെ സംഘടനയായ ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്.
ഫാര്‍മസിസ്റ്റുകളുടെ സാന്നിധ്യത്തിലല്ലാതെ ജീവന്‍രക്ഷാമരുന്നുകള്‍ വില്പന നടത്തരുതെന്ന നിലവിലെ നിയമത്തിന്റെ ലംഘനമാണിതെന്നും അതുകൊണ്ടുതന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് എന്നിവര്‍ക്കു നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.